രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ 'രാവണ്‍' പരാമര്‍ശം; കേന്ദ്രമന്ത്രിക്കെതിരേ കേസ്
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നടത്തിയ 'രാവണ്‍' പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ പോലിസ് കേസെടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് ജാദവത്ത് ചിറ്റോറിലെ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാഴാഴ്ച ചിറ്റോര്‍ഗഡില്‍ നടന്ന ബിജെപി 'മഹാക്രോഷ് സഭ' പരിപാടിക്കിടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനിടയാണ് അശോക് ഗെലോട്ടിനെ 'രാഷ്ട്രീയത്തിലെ രാവണ്‍' എന്ന് വിശേഷിപ്പിച്ചത്. 'രാജസ്ഥാനിലെ ഈ രാവണന്‍ അശോക് ഗെലോട്ടിന്റെ ഭരണം അവസാനിപ്പിക്കണമെങ്കില്‍, നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാന്‍ ദൃഢനിശ്ചയം ചെയ്യണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് ഗെലോട്ടും ഷെഖാവത്തും തത്തില്‍ തര്‍ക്കമുണ്ടായിരുന്നു.
ഷെഖാവത്തിന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഗെലോട്ട് പരസ്യമായി ആരോപിച്ചിരുന്നു. രാജസ്ഥാന്‍ പോലിസ് അന്വേഷിക്കുന്ന അഴിമതിയുമായി ബന്ധപ്പെടുത്തിയതിന് ഗെലോട്ടിനെതിരെ ഡല്‍ഹി കോടതിയില്‍ ഷെഖാവത്ത് മാനനഷ്ടക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി രാജസ്ഥാനിലെ ലക്ഷക്കണക്കിന് ആളുകളുടെ വരുമാനം അപഹരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ച് ഈത്തിടെ ഷെഖാവത്തിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഷെഖാവത്തിനെ കേസില്‍ പ്രതിയാക്കിയത് സംബന്ധിച്ച് അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ വിശദീകരണവും നല്‍കിയിരുന്നു.
കേന്ദ്രമന്ത്രിയുടെ പരിഹാസത്തോട് പ്രതികരിച്ച ഗെഹ്‌ലോട്ട്, അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ സുഹൃത്തുക്കള്‍ ജയിലിലാണെന്നും ഷെഖാവത്തും ജയിലില്‍ പോകാനാണ് സാധ്യതയെന്നുമാണ് പ്രതികരിച്ചത്. മാത്രമല്ല, ഗജേന്ദ്ര സിങ് ഷെഖാവത്തിനെകേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഗെലോട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞാന്‍ രാവണനാണെങ്കില്‍ നിങ്ങള്‍ രാമനാകുകയും നിക്ഷേപകരുടെ പണം തിരികെ നല്‍കുകയും ചെയ്യണമെന്നും ഗെലോട്ട് പറഞ്ഞു.