വിദ്വേഷപ്രചാരണം: രാജീവ് ചന്ദ്രശേഖറിനും അനില്‍ ആന്റണിക്കുമെതിരേ വീണ്ടും കേസ്

Update: 2023-11-02 10:31 GMT

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി നേതാവ് അനില്‍ ആന്റണിക്കുമെതിരേ വീണ്ടും കേസെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസാണ് രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സമാനസംഭവത്തില്‍ രാജീവ് ചന്ദ്രശേഖറിനെതിരായ രണ്ടാമത്തെ കേസാണിത്. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലാണ് നടപടി. സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. നേരത്തേ സൈബര്‍ സെല്‍ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും കേന്ദ്രമന്ത്രിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെയും രണ്ടാമതും കേസെടുത്തിട്ടുണ്ട്.

Tags:    

Similar News