'വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സൗഹൃദ കേരളം'; സംസ്ഥാന വ്യാപകമായി എസ് ഡിപി ഐ സായാഹ്ന സംഗമങ്ങള്‍

Update: 2023-11-01 14:45 GMT
എറണാകുളം: 'വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ സൗഹൃദ കേരളം' എന്ന പ്രമേയത്തില്‍ കേരളപ്പിറവി ദിനത്തില്‍ എസ്ഡിപി ഐ സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ നടത്തി. എറണാകുളം ജില്ലാ കമ്മിറ്റി ആലുവ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സംഘടിപ്പിച്ച സായാഹ്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്‌ഫോടനത്തോടെ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടിയിരുന്ന സംഘപരിവാറിനൊപ്പം പല മതേതര പൊയ്മുഖങ്ങളും വെളിവാക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ വളരെ ദുര്‍ബലമായ കേസുകളാണ് എടുക്കുന്നത്. പ്രതികള്‍ പരാതിക്കാര്‍ക്കെതിരേ പല്ലിളിച്ചു പരിഹസിച്ചു നടക്കുന്ന അവസ്ഥയാണ്. കലാപങ്ങള്‍ക്ക് കളമൊരുക്കുന്ന വിദ്വേഷ പ്രചാരകര്‍ക്ക് സൈ്വര വിഹാരത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, കെ എം ലത്തീഫ്, വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, സെക്രട്ടറി മുഹമ്മദ് ഷമീര്‍, ഖജാഞ്ചി നാസര്‍ എളമന, സെക്രട്ടേറിയറ്റ് അംഗങ്ങളായ സുധീര്‍ എലൂക്കര, സി എസ് ഷാനവാസ്, കമ്മിറ്റി അംഗം എന്‍ കെ നൗഷാദ്, ആലുവ മണ്ഡലം പ്രസിഡന്റ് കെ എം അബു സംബന്ധിച്ചു. കണ്ണൂര്‍ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണത്ത് സായാഹ്ന സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ സി ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം സി ഷാഫി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷഹര്‍ബാനു സംസാരിച്ചു.

Tags:    

Similar News