മുസ്‌ലിംകളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടതായിരുന്നു; വിഷംതുപ്പി വീണ്ടും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ന്യൂഡല്‍ഹി: വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന വിദ്വേഷ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിംകളെ മുഴുവന്‍ 1947ല്‍ തന്നെ പാകിസ്താനിലേക്ക് കെട്ടുകെട്ടിക്കേണ്ടതായിരുന്നു എന്ന വിവാദ പ്രസ്താവനയുമായാണ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 1947ല്‍ തന്നെ മുസ്‌ലിംകളെ പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ സാഹചര്യം വ്യത്യസ്തമാവുമായിരുന്നുവെന്ന് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ഗിരിരാജ് സിങ് പറഞ്ഞു. 'ഇത് ഈ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. 1947ല്‍ മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചപ്പോള്‍ നമ്മുടെ പൂര്‍വികര്‍ മുസ്‌ലിംകളെ പാകിസ്താനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ അന്ന് ആരും ചോദിക്കുമായിരുന്നില്ല. ഇന്ന് അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുകയും സനാതനധര്‍മത്തിനു നേരെ സാംസ്‌കാരിക കടന്നാക്രമണം നടത്തുകയുമാണ്'-സിങ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്നിട്ട രണ്ടുഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്കെതിരേ വിഷം തുപ്പുന്നതില്‍ മുന്‍നിരയിലായിരുന്നു ഗിരിരാജ് സിങ്. ആര്‍എസ്എസ് മുഖപത്രമായ 'പാഞ്ചജന്യ' ഗിരിരാജ് സിങിനെ ഉദ്ധരിച്ച് എഴുതി: മുസ്‌ലിംകളെ ഇവിടെ ജീവിക്കാന്‍ അനുവദിച്ചതാണ് ഏറ്റവും വലിയ അബദ്ധം. രാജ്യം പകുത്തപ്പോള്‍ മുസ്‌ലിംകളെ ഇവിടെ നില്‍ക്കാന്‍ അനുവദിച്ചതെന്തിനാണ്?. അവരെ ഇവിടെ ജീവിക്കാന്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ രാജ്യത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നില്ല'. ഗിരിരാജ് സിങിന്റെ പ്രസ്താവന വന്ന ദിവസം തന്നെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, കൊല്‍ക്കത്തയില്‍ നടന്ന ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ പിരിച്ചുവിടണമെന്നും 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം കുപ്പയിലെറിയണമെന്നുമാണ്. 'ദേശീയ മുസ്‌ലിംകളെ കുറിച്ച് ഞാന്‍ മുമ്പൊക്കെ സംസാരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതൃത്വത്തോട് എനിക്കു പറയാനുള്ളത് 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം വലിച്ചെറിയണം. ഒരു ന്യൂനപക്ഷ സെല്ലിന്റെ യാതൊരു ആവശ്യവുമില്ല. നമ്മളോടൊപ്പം ഉള്ളവരോട് ഒപ്പമായിരിക്കും നമ്മള്‍'-അധികാരി ഊന്നിപ്പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മുഖ്യ പ്രചാരണ വാക്യമായിരുന്നു 'സബ്കാ സാഥ്, സബ്കാ വികാസ്' എന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബംഗാളില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് സുവേന്ദു അധികാരി മുസ്‌ലിംകളെ കുറ്റപ്പെടുത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരു മുസ്‌ലിം സ്‌റ്റേറ്റിനായാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ മറ്റൊരു ബംഗ്ലാദേശും പാകിസ്താനും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മമതയ്ക്ക് ഹിന്ദുക്കളെ വിശ്വാസമില്ലെന്നും ഗിരിരാജ് സിങും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.