ഭീമാ കൊറേഗാവ് കേസ്: മാതാവിനെ കാണാന്‍ ഇടക്കാല ജാമ്യം അനുവദിക്കണം; പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെ ബോംബെ ഹൈക്കോടതിയില്‍
മുംബൈ: ഭീമാ കൊറേഗാവ്- എല്‍ഗര്‍ പരിഷത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെ മാതാവിനെ കാണാന്‍ 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമപീച്ചു. അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എസ് എസ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്, വിശദാംശങ്ങള്‍ തേടുകയും ഫെബ്രുവരി 16ന് വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രത്യേക കോടതി ജാമ്യാപേക്ഷ നിരസിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ഈ കേസില്‍ നാഗ്പൂരില്‍നിന്നുള്ള ഒരു പ്രതിയ്ക്ക് ഞങ്ങള്‍ ഇളവ് അനുവദിച്ചിരുന്നു.
കൂട്ടുപ്രതി സുരേന്ദ്ര ഗാഡ്‌ലിങ്ങിന് മാതാവിന്റെ ഒന്നാം ചരമവാര്‍ഷികത്തിന് അനുവദിച്ച ഇടക്കാല ജാമ്യത്തെ പരാമര്‍ശിച്ച് കോടതി പറഞ്ഞു. സാധാരണ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോഴത്തെ ഹരജി അവിടെ നല്‍കണമെന്ന കാരണത്താലാണ് അപേക്ഷ പ്രത്യേക കോടതി നിരസിച്ചതെന്ന് തെല്‍തുംബ്‌ദെയുടെ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയെ അറിയിച്ചു.
അതേസമയം, അപേക്ഷ മെറിറ്റില്ലാത്തതും നിയമപരമായി നിയമപരമായി നിലനില്‍ക്കുന്നതുമല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഇതിനെ എതിര്‍ത്തു. കൂടാതെ യുഎപിഎ നിയമപ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് പ്രഫസറിനെതിരേ ചുമത്തിയിരിക്കുന്നതെന്നും മേല്‍പ്പറഞ്ഞ കാരണങ്ങളൊന്നും താല്‍ക്കാലിക ജാമ്യത്തിന് പരിഗണിക്കാനാവില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. തന്റെ പിതാവും ഇളയ സഹോദരനും രണ്ടുവര്‍ഷം മുമ്പ് മരിച്ചുവെന്ന് തെല്‍തുംബ്‌ദെ പറഞ്ഞു.
2021 നവംബറില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവെന്ന് ആരോപിക്കുന്ന തെല്‍തുംബ്‌ദെയുടെ സഹോദരന്‍ മിലിന്ദ് കൊല്ലപ്പെട്ടെന്നാണ് പോലിസ് പറയുന്നത്. അമ്മയ്ക്ക് 92 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നും മൂത്ത മകനായ തന്റെ സാന്നിധ്യം വീട്ടിലുണ്ടാവണമെന്നും അപേക്ഷയില്‍ പറയുന്നു. 2018 ജനുവരി 1 ന് ഭീമാ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് കാരണം 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയാണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇതിന്റെ പേരിലാണ് തെല്‍തുംബ്‌ദെയെ മാവോവാദി ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.