കങ്കണയ്ക്കെതിരെ വീണ്ടും ബിജെപി; 'പാര്‍ട്ടിയുടെ പേരില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ അധികാരമില്ല'
ന്യൂഡല്‍ഹി: പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെകൊണ്ടുവരണമെന്ന മാണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. പാര്‍ട്ടിയുടെ പേരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കര്‍ഷക നിയമത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.
'സമൂഹമാധ്യമങ്ങളില്‍ ബിജെപി എംപി കങ്കണ റണാവത് പിന്‍വലിച്ച കര്‍ഷക നിയമങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം വ്യാപകമായി പ്രചരിക്കുകയാണ്. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണ റണാവത്തിന് അധികാരമില്ല. കര്‍ഷക നിയമങ്ങളില്‍ ബിജെപിയുടെ നിലപാട് ഇതല്ല,' ഭാട്ടിയ പറഞ്ഞു.
ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും കര്‍ഷകര്‍ തന്നെ ഇത് ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. കങ്കണ മാനസികമായി അസ്ഥിരയാണെന്ന് തോന്നുന്നുവെന്നായിരുന്നു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയുടെ പ്രതികരണം. നേരത്തെയും കങ്കണയുടെ വാദങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.