പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേര്‍ന്ന് സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസാക്കി ബിജെപി നിയമസഭാകക്ഷി യോഗം. ബി.ജെ.പി ദേശിയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായും വിജയ് സിന്‍ഹയെ ഉപ നേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാര്‍ ആയേക്കുമെന്നാണ് സൂചന.ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാര്‍ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. രാജിവെച്ച് പുറത്തുവന്ന നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ചവൈകുന്നേരം നിതീഷ് കുമാര്‍ വീണ്ടും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ് സൂചന.
ഒന്നരവര്‍ഷംമുമ്പ് വിട്ടിറങ്ങിയ എന്‍.ഡി.എ.യിലേക്കാണ് നിതീഷ് കുമാര്‍ ഇതോടെ തിരിച്ചെത്തുന്നത്. രാവിലെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന ശേഷമാണ് നിതീഷ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. മുന്നണിമാറ്റം സംബന്ധിച്ച് അവസാന നിമിഷംവരെ നിതീഷ് പ്രതികരിച്ചിരുന്നില്ല. അതിനിടെ, ശനിയാഴ്ച പട്നയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നാലെയാണ് നിതീഷ് കുമാര്‍ ഞായറാഴ്ച രാവിലെ രാജിവച്ചത്.
നിലവിലെ കക്ഷിനില: ആര്‍.ജെ.ഡി - 79, ബി.ജെ.പി - 78, ജെ.ഡി.യു - 45, കോണ്‍ഗ്രസ് - 19, സി.പി.ഐ (എം.എല്‍) (എല്‍) - 12, എച്ച്.എ.എം (എസ്) -4, സി.പി.എം - 2, സി.പി.ഐ - 2, സ്വതന്ത്രന്‍ - 1, മജ്ലിസ് പാര്‍ട്ടി - 1. 243 അംഗ ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.