കേന്ദ്രത്തില്‍ നാല് മന്ത്രിസ്ഥാനം വേണം; അവകാശവാദവുമായി നിതീഷ്‌ കുമാറിന്റെ ജെഡിയു

എന്‍ഡിഎയിലെ സഖ്യകക്ഷിക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് ലോക്‌സഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിലാവണം. ബിഹാറില്‍ ബിജെപിക്ക് 17 എംപിമാരാണുള്ളത്. അതനുസരിച്ച് അവര്‍ക്ക് അഞ്ച് മന്ത്രിമാരുണ്ടാവണം. ജെഡിയുവിന് 16 എംപിമാരുണ്ട്. അതിനാല്‍, നാല് മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ടെന്നും ജെഡിയു വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2021-07-06 10:57 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന അവകാശവാദവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജനതാദള്‍ യൂനൈറ്റഡ് രംഗത്ത്. കേന്ദ്രത്തില്‍ നാല് മന്ത്രിസ്ഥാനം വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. എംപിമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ജെഡിയു വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ബിഹാറില്‍നിന്ന് നാല് മന്ത്രിമാരുണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍. ജനതാദള്‍ യുനൈറ്റഡില്‍ (ജെഡിയു) നിന്ന് രണ്ടുപേര്‍, ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) യില്‍നിന്ന് ഒന്ന്, ബിജെപിയില്‍നിന്ന് ഒന്ന് എന്നിങ്ങനെയാണ് സാധ്യത.

രണ്ട് മന്ത്രിമാരെ മാത്രം മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രതലത്തില്‍ ആരംഭിച്ച സാഹചര്യത്തിലാണ് അതൃപ്തി പരസ്യമായി ജെഡിയു രംഗത്തുവന്നത്. എന്‍ഡിഎയിലെ സഖ്യകക്ഷിക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് ലോക്‌സഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിലാവണം. ബിഹാറില്‍ ബിജെപിക്ക് 17 എംപിമാരാണുള്ളത്. അതനുസരിച്ച് അവര്‍ക്ക് അഞ്ച് മന്ത്രിമാരുണ്ടാവണം. ജെഡിയുവിന് 16 എംപിമാരുണ്ട്. അതിനാല്‍, നാല് മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ടെന്നും ജെഡിയു വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചകളിലേയ്ക്ക് കടക്കവെ ജെഡിയുവിന്റെ അവകാശവാദം ബിജെപി കേന്ദ്രനേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. 2019ലെ വിജയത്തിനുശേഷം കേന്ദ്രമന്ത്രിസഭയില്‍ ആനുപാതിക പ്രാതിനിധ്യം വേണമെന്ന ആശയം നിതീഷ് കുമാര്‍ മുന്നോട്ടുവച്ചിരുന്നു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതോടെ സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതി നല്‍കാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. 2019ല്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെയും മോദി ഭരണകൂടം പുനസ്സംഘടന നടത്തിയിട്ടില്ല.

എന്‍ഡിഎയുടെ വിജയത്തിന് ചെറിയ സംഭാവന മാത്രം നല്‍കിയ സഖ്യകക്ഷികള്‍ക്കും അല്ലാത്തവര്‍ക്കും മന്ത്രിസഭയില്‍ ഒരേ പ്രാതിനിധ്യം നല്‍കുന്നതിനെയും ജെഡിയു ചോദ്യംചെയ്യുന്നു. ലോക് ജനശക്തി പാര്‍ട്ടിയെയും അകാലിദളിനെയും ചൂണ്ടിക്കാട്ടിയായിരുന്നു ജെഡിയുവിന്റെ വിമര്‍ശനം. കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ജൂലൈ എട്ടിന് നടക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ജെ പി നദ്ദ അടക്കമുള്ള നേതാക്കള്‍ ഇന്ന് അഞ്ചുമണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Tags:    

Similar News