ആശങ്ക പടര്‍ത്തി കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 40 ലധികം കേസുകള്‍
ഇതുവരെ മഹാരാഷ്ട്രയില്‍- 21, മധ്യപ്രദേശില്‍- ആറ്, കേരളത്തില്‍- മൂന്ന്, തമിഴ്‌നാട്ടില്‍- മൂന്ന്, കര്‍ണാടകയില്‍- രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വൈറസിന്റെ അലയൊലി ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിനിടെ രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പടരുന്ന് വീണ്ടും ആശങ്കയ്ക്കിടയാക്കുന്നു. രാജ്യത്ത് ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 40 പുതിയ ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാളില്‍നിന്ന് 10 പേരിലേയ്ക്ക് വൈറസ് പകരുമെന്നതാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേക. ഡെല്‍റ്റ പ്ലസ് കേസുകള്‍ സംബന്ധിച്ച് മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലാണ് ഡെല്‍റ്റ പ്ലസ് (B.1.617.2 വകഭേദം) ആദ്യമായി കണ്ടെത്തിയത്.
പുതിയ വൈറസിന്റെ അലയൊലി ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ മഹാരാഷ്ട്രയില്‍- 21, മധ്യപ്രദേശില്‍- ആറ്, കേരളത്തില്‍- മൂന്ന്, തമിഴ്‌നാട്ടില്‍- മൂന്ന്, കര്‍ണാടകയില്‍- രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍- മെയ് മാസങ്ങളില്‍ രാജ്യത്തെ കാര്‍ന്നുതിന്ന കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയുകയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയും ചെയ്തുകൊണ്ടിരിക്കവെയാണ് പുതിയ ഭീഷണി ഉയര്‍ത്തി ഡെല്‍റ്റ പ്ലസ് വകഭേദം റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയിലെ രത്‌നഗിരി, ജല്‍ഗാവ് എന്നിവിടങ്ങളില്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പാലക്കാടും പത്തനംതിട്ടയിലും ഭോപാലിലും മധ്യപ്രദേശിലെ ശിവപുരിയിലുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ യാത്രാചരിത്രം, വാക്‌സിനേഷന്‍ നില തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. ജനക്കൂട്ടവും ഒത്തുചേരലും ഒഴിവാക്കുക, വ്യാപകമായ പരിശോധന, രോഗനിര്‍ണയം, മുന്‍ഗണനാ കുത്തിവയ്പ്പ് തുടങ്ങിയ അടിയന്തര നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ വകഭേദം കണ്ടെത്തിയ സംസ്ഥാനങ്ങളോട് ജാഗ്രത തുടരണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധസംഘത്തിന്റെ തലവന്‍ വി കെ പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പൊതുജനാരോഗ്യ ഉത്തരവാദിത്തങ്ങളെക്കുറിച്ച് കേന്ദ്രം നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നേരത്തെ നടപ്പാക്കിയ നടപടികള്‍ അതേ രീതിയില്‍ തന്നെ തുടരണം. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഈ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ കൂടാതെ അമേരിക്ക, യുകെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, റഷ്യ, ചൈന എന്നീ ഒമ്പത് രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്നത്. 80 രാജ്യങ്ങളിലേക്ക് വ്യാപിച്ച ഡെല്‍റ്റ വകഭേദം പോലെ ഡെല്‍റ്റ പ്ലസ് അതിവേഗം പടരുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തീവ്രവ്യാപനം, ശ്വാസകോശ കോശങ്ങളെ കൂടുതലായി ബാധിക്കല്‍, ആന്റിബോഡി പ്രതിരോധശേഷി കുറയ്ക്കാന്‍ കുറയ്ക്കല്‍ എന്നീ പ്രശ്‌നങ്ങളാണ് പുതിയ വകഭേദം സൃഷ്ടിക്കുന്നത്. ഡെല്‍റ്റ പ്ലസ് ആശങ്കയുള്ള വകഭേദമല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റ നേരത്തെയുള്ള നിലപാട്. ഇത് തിരുത്തിയാണ് പുതിയ നിലപാട് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.