മതവിശ്വാസത്തിന്റെ മറവില്‍ വിദ്വേഷത്തിന്റെ മതിലുകള്‍ പണിയുന്നു: നസ്‌റുദ്ദീന്‍ ഷാ
പശുവിന്റെ ജീവനു പോലിസുകാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന രാജ്യത്താണു കുട്ടികള്‍ വളരുന്നത് എന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന നസറുദ്ദീന്‍ ഷായുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ മറവില്‍ വിദ്വേഷത്തിന്റെ മതിലുകള്‍ നിര്‍മിക്കപ്പെടുകയാണെന്ന് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ആംനസ്റ്റി ഇന്ത്യയുടെ വീഡിയോയിലാണ് നടന്‍ ഈ അഭിപ്രായം പങ്കുവെച്ചത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെടുന്നു. നിയമം അന്ധകാരത്തിനു വഴിമാറുന്നു. മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദരാക്കപ്പെടുന്നു. നിരപരാധികള്‍ കൊല്ലപ്പെടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലടക്കപ്പെടുന്നു- ഷാ വീഡിയോയില്‍ പറയുന്നു. പശുവിന്റെ ജീവനു പോലിസുകാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന രാജ്യത്താണു കുട്ടികള്‍ വളരുന്നത് എന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന നസറുദ്ദീന്‍ ഷായുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി സംഘപരിവാരത്തിന്റെ ആള്‍ക്കൂട്ട ആക്രമണം നേരിടുന്നതിനിടെയാണ് നടന്റെ പുതിയ വീഡിയോ പുറത്തുവന്നത്.