അഴിമതി, അധികാര ദുര്‍വിനിയോഗം അടക്കം 27 വകുപ്പുകള്‍; മുന്‍ പോലിസ് മേധാവി അടക്കമുള്ളവര്‍ക്കെതിരേ എഫ്‌ഐആര്‍
അഴിമതി, അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പട്ടികജാതി, വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍ നിയമം), 1989 തുടങ്ങി 27 വകുപ്പുകള്‍ പ്രകാരമാണ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് ഉള്‍പ്പെടെ 33 പേര്‍ക്കെതിരേ അകോല ജില്ലയിലെ പോലിസ്എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
മുംബൈ: ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിക്കും സിബിഐ അന്വേഷണത്തിനും വഴിവച്ച അഴിമതി ആരോപണമുന്നയിച്ച മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അഴിമതി, അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പട്ടികജാതി, വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍ നിയമം), 1989 തുടങ്ങി 27 വകുപ്പുകള്‍ പ്രകാരമാണ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് ഉള്‍പ്പെടെ 33 പേര്‍ക്കെതിരേ അകോല ജില്ലയിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ഭീംറാവു ഗാഡ്ജ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
സീറോ എഫ്‌ഐആറാണ് (എവിടെയാണ് കുറ്റം ചെയ്തതെന്നത് പരിഗണിക്കാതെ ഏത് പോലിസ് സ്റ്റേഷനിലും എഫ്‌ഐആര്‍ രേഖപ്പെടുത്തുന്ന രീതി) തയ്യാറാക്കിയിരിക്കുന്നത്. താനെ സിറ്റി പോലിസിന് എഫ്‌ഐആര്‍ കൈമാറിയതായി അകോല ജില്ലാ പോലിസ് അധികൃതര്‍ അറിയിച്ചു. കേസില്‍ പേരുള്ളവരില്‍ എക്കണോമിക് ഒഫന്‍സസ് വിങ് ഡിസിപി പരാഗ് മാനെരെയുടെ പേരും എഫ്‌ഐആറിലുണ്ട്. അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുവുമായി കാര്‍ കണ്ടെത്തിയ കേസില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായിരുന്ന സച്ചിന്‍ വാസെ അറസ്റ്റിലായതോടെയാണ് പരംബീറിനെ മുംബൈ പോലിസ് കമ്മീഷണര്‍ പദവിയില്‍നിന്ന് മാറ്റിയത്.
തുടര്‍ന്ന് മഹാരാഷ്ട്ര ഹോം ഗാര്‍ഡിലേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തു. താനെ പോലിസ് മേധാവിയായിരുന്ന കാലത്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്ത വ്യക്തികള്‍ക്കെതിരേ കുറ്റപത്രം നല്‍കരുതെന്ന് സിങ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഗാഗ്‌ഡെ ആരോപിച്ചു. നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരനെതിരേ അഞ്ച് കേസുകളെടുത്തു. പിന്നീട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. പരാതിക്കാരന്‍ ഇപ്പോള്‍ അകോല പോലിസ് കണ്‍ട്രോള്‍ റൂമിലാണ് ജോലി ചെയ്യുന്നത്.
2015-2018 ല്‍ താനെയില്‍ ജോലി ചെയ്യവെ നിരവധി ഉദ്യോഗസ്ഥര്‍ സിങ്ങിന്റെ കീഴില്‍ അഴിമതി നടത്തിയിരുന്നുവെന്നും ഗാഡ്‌ഗെ ആരോപിക്കുന്നു. അംബാനി കേസില്‍ മുംബൈ പോലിസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റിയശേഷം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഗുരുതര അഴിമതി ആരോപണമുന്നയിച്ച് പരംബീര്‍ സിങ് രംഗത്തെത്തി. ഇത് വിവാദമായതിനെത്തുടര്‍ന്ന് അനില്‍ ദേശ്മുഖ് പദവി രാജിവയ്ക്കുകയും കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പരംബീര്‍ സിങ്ങിനെതിരേയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.