കൊവിഡ് വ്യാപനം: സെന്‍സസ്, എന്‍പിആര്‍ ഒരുവര്‍ഷം വൈകും
സെന്‍സസ് 2021, എന്‍പിആര്‍ പുതുക്കല്‍ നടപടിയുടെ ആദ്യഘട്ടം 2020 ഏപ്രില്‍ 1നും സപ്തംബര്‍ 30നുമിടയില്‍ നടത്താനുള്ള തീരുമാനം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈവര്‍ഷത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെന്‍സസ്) ആദ്യഘട്ടവും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കലും ഒരുവര്‍ഷം വൈകും. സെന്‍സസിന്റെ ഒന്നാംഘട്ടവും എന്‍പിആറും ഈവര്‍ഷം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സെന്‍സസ് അനിവാര്യമായ പ്രക്രിയ അല്ലെന്നും ഒരുവര്‍ഷം വൈകിയാലും കുഴപ്പമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിലവില്‍ സര്‍ക്കാരിന്റെ മുന്‍ഗണന സെന്‍സസ് അല്ല. കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും. സെന്‍സസ്, എന്‍പിആര്‍ എന്നിവ നടത്തുന്നതിന് ഒരുവര്‍ഷം പോലും വൈകുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ സാഹചര്യത്തില്‍ 2021 സെന്‍സസിന്റെ ആദ്യഘട്ടവും എന്‍പിആര്‍ വിവരശേഖരണവും കേന്ദ്രസര്‍ക്കാര്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചിരുന്നു. സെന്‍സസ് 2021, എന്‍പിആര്‍ പുതുക്കല്‍ നടപടിയുടെ ആദ്യഘട്ടം 2020 ഏപ്രില്‍ 1നും സപ്തംബര്‍ 30നുമിടയില്‍ നടത്താനുള്ള തീരുമാനം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
രണ്ടുഘട്ടങ്ങളിലായി സെന്‍സസ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രില്‍- സപ്തംബര്‍ കാലയളവില്‍ ഭവനങ്ങളുടെ പട്ടിക തയ്യാറാക്കലും രണ്ടാംഘട്ടത്തില്‍ 2021 ഫെബ്രുവരി 9 മുതല്‍ 28വരെ വീടുകയറിയുള്ള ജനസംഖ്യകണക്കെടുപ്പുമാണ് ഉദ്ദേശിച്ചിരുന്നത്. അസം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസിന്റെ ഒന്നാംഘട്ടത്തോടൊപ്പം എന്‍പിആര്‍ വിവരശേഖരണവും നടത്താനായിരുന്നു നിര്‍ദേശം. സെന്‍സസ് നടപടികളോട് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എന്‍പിആറിനെ ചില സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളും എന്‍പിആറിനും എന്‍ആര്‍സിക്കുമെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏതൊരു പരമാധികാര രാജ്യത്തിനും പൗരന്‍മാരല്ലാത്തവരെയും പൗരന്മാരെയും തിരിച്ചറിയാന്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. 30 ലക്ഷത്തിലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ സെന്‍സസ് നടപടികള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണപരമായ ജോലികളിലൊന്നാണ്. അതേസമയം, പുതിയ തിയ്യതി സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.