അസമില്‍ തടങ്കല്‍ പാളയത്തിലടച്ചത് രേഖകളുള്ള മുസ് ലിംകളെ; വിവരങ്ങള്‍ പുറത്ത്

Update: 2024-09-06 13:53 GMT

ഗുവാഹത്തി: വിദേശികളെന്ന് മുദ്രകുത്തി അസമില്‍ തടങ്കല്‍ പാളയത്തിലടച്ച മുസ് ലിംകളില്‍ ഭൂരിഭാഗം രേഖകളുള്ളവരെന്ന് റിപോര്‍ട്ട്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും താമസ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകളുള്ളവര്‍ക്കെതിരേയാണ് നടപടിയെടുത്തത്. തടങ്കല്‍ പാളയത്തിലടച്ച 28 ബംഗാളി മുസ് ലിംകളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തായത്. ബാര്‍പേട്ട ജില്ലയിലെ ബംഗാളി മുസ് ലിം സമുദായത്തില്‍ പെട്ട 28 പേരെയാണ് പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാംപിലേക്ക് കൊണ്ടുപോയത്. മധ്യ അസമിലെ നാഗോണ്‍ ജില്ലയില്‍ ഈയിടെ രണ്ട് മുസ് ലിം യുവാക്കള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് ബംഗാളി മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പൊടുന്നനെ 28 പേരെ കസ്റ്റഡിയിലെടുത്ത് തടങ്കല്‍പാളയത്തിലടച്ചത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാര്‍ നല്‍കിയ ആധാര്‍ കാര്‍ഡ്, പഞ്ചായത്ത് നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് തുടങ്ങി വിവിധ രേഖകള്‍ ഉണ്ടെന്നാണ് റിപോര്‍ട്ട്. എന്നിട്ടും ഇവര്‍ നുഴഞ്ഞുകയറ്റക്കാരെന്നാണ് ഫോറിന്‍ ട്രൈബ്യൂണലിന്റെ വാദം. സര്‍ക്കാര്‍ തന്നെ നല്‍കിയ രേഖകളുണ്ടായിട്ടും നൂറ്റാണ്ടുകളായി തങ്ങളുടെ ബന്ധുക്കള്‍ ഇവിടെ താമസിച്ചിട്ടും നടപടിയെടുത്തലിന്റെ ഞെട്ടലില്‍ നിന്ന് പ്രദേശവാസികള്‍ മുക്തരായിട്ടില്ല.

    രേഖകള്‍ ഉണ്ടെങ്കിലും ഒരാളെ വിദേശിയായി പ്രഖ്യാപിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ടെന്നാണ് പുറത്തുവരുന്നവിവരം. തടങ്കല്‍ കേന്ദ്രത്തിലായവര്‍ വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തുന്നുണ്ട്. 1946 ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം അനധികൃത കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ ബോഡികളാണ് ഫോറിനര്‍ ട്രൈബ്യൂണലുകള്‍. സംശയമുള്ള ഡി വോട്ടര്‍മാരുടെയും വിദേശികളുടെയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ അസമിലുടനീളം ഇത്തരത്തിലുള്ള നൂറോളം ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള 'അനധികൃത കുടിയേറ്റം' കണ്ടെത്താനെന്ന പേരിലാണ് ഇവ സ്ഥാപിച്ചത്. 'അനധികൃത കുടിയേറ്റക്കാര്‍' അസമീസ് ജനതയുടെ സ്വത്വത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും സംഘടനകള്‍ പ്രക്ഷോഭം നടത്തി സമ്മര്‍ദം ചെലുത്തിയതിനാലാണ് ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചത്.

    സംസ്ഥാനത്ത് ആകെ 1,19,570 ഡി വോട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 54,411 പേരെ െ്രെടബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അസം ആഭ്യന്തര വകുപ്പ് ആഗസ്ത് 22ന് സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു. 2017 മുതല്‍ ഇത്തരത്തില്‍ 16 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. 1997ല്‍ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പ്രകാരം ഡി വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളോളം കുടുംബത്തോടൊപ്പം താമസിച്ചാലും ആവശ്യമായ രേഖകള്‍ ഹാജാരാക്കാനാവാത്തവരെയും ഡി വോട്ടര്‍മാരായാണ് കണക്കാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ മുന്നോടിയായി സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രമായ ഗോള്‍പാറയിലെ മാറ്റിയയിലുള്ള ക്യാംപില്‍ നിലവില്‍ 210 പേരുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിയമസഭയെ അറിയിച്ചിരുന്നു. മധ്യ അസമിലെ നാഗോണ്‍ ജില്ലയില്‍ ഈയിടെ രണ്ട് മുസ് ലിം യുവാക്കള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് ബംഗാളി മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പൊടുന്നനെ 28 പേരെ കസ്റ്റഡിയിലെടുത്ത് തടങ്കല്‍പാളയത്തിലടച്ചത്.

Tags:    

Similar News