കേന്ദ്രത്തിന്റെ കാര്‍ഷിക നിയമഭേദഗതി: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

റിപബ്ലിക് ദിനമായ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹരജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചില്ലെങ്കില്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

Update: 2021-01-12 01:32 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷികഭേദഗതി നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. റിപബ്ലിക് ദിനമായ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹരജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചില്ലെങ്കില്‍ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഡല്‍ഹി പോലിസ് ജോയിന്റ് കമ്മീഷണറാണ് ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്. \

റിപബ്ലിക് ദിനത്തിന്റെ ഭരണഘടനാപരവും ചരിത്രപരവുമായ പ്രാധാന്യമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരത്തിന് പരിഹാരം കാണാത്തതില്‍ കോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടിയാലോചനയും ചര്‍ച്ചയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷികനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് വേണമെങ്കില്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാരിന് ഉത്തരവാദിത്തബോധം ശേഷിക്കുന്നുണ്ടെങ്കില്‍ നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.

ഉറപ്പ് ലഭിച്ചാല്‍ തര്‍ക്കവിഷയം പരിഹരിക്കാന്‍ സമിതി രൂപീകരിക്കാം. ഉറപ്പുനല്‍കിയില്ലെങ്കില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്യും. എന്തുവില കൊടുത്തും നിയമങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് എന്തിന്? നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് വച്ചാല്‍ എന്താണ് പ്രശ്‌നം ?- ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, എ എസ് ബൊപ്പണ്ണ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമം പെട്ടെന്ന് കൊണ്ടുവന്നതല്ലെന്നും രണ്ടുപതിറ്റാണ്ടുകളായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കിയതാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News