എല്ലാ ദേശീയഭാഷകളെയും ഒരുപോലെ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: കെ കെ രാഗേഷ് എംപി

ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഭാഗമായി വരേണ്യവര്‍ഗത്തിന് മാത്രമായി ഈ ഭാഷയെ പരിമിതപ്പെടുത്തിയതുകൊണ്ടാണ് അത് ജനങ്ങളാകെ ഉപയോഗിക്കുന്ന ഒന്നല്ലാതായി തീര്‍ന്നത്.

Update: 2020-03-16 12:59 GMT

ന്യൂഡല്‍ഹി: എല്ലാ ദേശീയഭാഷകളെയും ഒരുപോലെ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ രാഗേഷ് എംപി പാര്‍ലമെന്റില്‍ പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്‌കൃതത്തിന് അമിതപ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ പിന്നില്‍ ഒളിയജണ്ടയുണ്ട്. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഭാഗമായി വരേണ്യവര്‍ഗത്തിന് മാത്രമായി ഈ ഭാഷയെ പരിമിതപ്പെടുത്തിയതുകൊണ്ടാണ് അത് ജനങ്ങളാകെ ഉപയോഗിക്കുന്ന ഒന്നല്ലാതായി തീര്‍ന്നത്. എന്നാല്‍, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകള്‍ കോടിക്കണക്കിന് മനുഷ്യര്‍ ഉപയോഗിക്കുന്ന ദേശീയ ഭാഷകളാണ്.

എന്നാല്‍, ഈ ഭാഷകളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. മലയാളഭാഷയോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. മാനവവിഭവശേഷി വകുപ്പിന് കീഴിലുള്ള കേരളത്തിലെ കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിതമാക്കാത്തത് ഈ വിവേചനത്തിന്റെ ഭാഗമാണ്. എട്ടാം ക്ലാസ് വരെ സംസ്‌കൃതം ഇവിടെ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളുള്‍പ്പെടെ പഠിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സംസ്‌കൃതം ഒരു ഐച്ഛികവിഷയമാക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍, സംസ്‌കൃതം നിര്‍ബന്ധമാക്കുകയും മലയാളം പഠിപ്പിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ സിബിഎസ്ഇ സ്‌കൂളുകളിലുള്‍പ്പെടെ മലയാളം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ 1968ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ത്രിഭാഷാപദ്ധതിക്കും ദേശീയവിദ്യാഭ്യാസപദ്ധതിക്കും എതിരാണ്. എന്നാല്‍, സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമല്ലാത്തതിന്റെ പേരുപറഞ്ഞ് പല സിബിഎസ്ഇ സ്‌കൂളുകളും ഇത് നടപ്പാക്കാതിരിക്കുകയാണ് ചെയ്യുന്നതെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News