കൊവിഡ് 19: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം ധനസഹായമില്ല; ഉത്തരവ് തിരുത്തി കേന്ദ്രസര്‍ക്കാര്‍
ധനസഹായം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചുരുക്കിക്കൊണ്ടാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരുമാസത്തേക്ക് ക്വാറന്റൈന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് എന്നിവ മാത്രമേ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എടുക്കാവൂ.
ന്യൂഡല്‍ഹി: കൊവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച ഉത്തരവ് തിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന ഉത്തരവിലാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം ചികില്‍സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. ധനസഹായം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചുരുക്കിക്കൊണ്ടാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരുമാസത്തേക്ക് ക്വാറന്റൈന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് എന്നിവ മാത്രമേ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എടുക്കാവൂ.
ലോകാരോഗ്യസംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൊറോണയെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചത്. കൊവിഡിനെ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നുള്ള പണം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. പ്രധാനമായും ലാബുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായി എസ്ഡിആര്‍എഫില്‍നിന്നുള്ള പണം ഉപയോഗിക്കാമെന്നാണ് ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
വാര്‍ഷിക ഫണ്ടില്‍നിന്നും 10 ശതമാനംവരെ ലാബുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികില്‍സാ ചെലവും ഈ ഫണ്ടില്‍നിന്ന് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു, എന്നാല്‍, ഈ നിര്‍ദേശം പിന്‍വലിച്ചുകൊണ്ടാണ് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.