വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാര്‍ഗങ്ങളിലൂടെയാവണമെന്നു നിര്‍ദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ (റെഗുലേഷന്‍ ഓഫ് ഫീ ആന്റ് കോസ്റ്റ് റൂള്‍സ്) 2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമ പ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ട്രഷറിയിലെ 00706011899റെസിപ്റ്റ്‌സ് അണ്ടര്‍ ആര്‍ടിഐ ആക്ട് എന്ന ശീര്‍ഷകത്തില്‍ ഒടുക്കിയ ചലാന്‍, സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ / സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നിവരുടെ ഓഫിസുകളില്‍ നേരിട്ടു പണമടച്ച രസീത്, കോര്‍ട്ട്ഫീ സ്റ്റാംപ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ എന്നിവ മുഖേന അടയ്ക്കാം. അക്ഷയ കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സിയില്‍ ഇതിനായുള്ള ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍മുഖേനയോ ഇപേയ്‌മെന്റ് ഗേറ്റ്‌വേപോലുള്ള മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് പേയ്‌മെന്റായും പണമടയ്ക്കാം.
വിവരാവകാശ അപേക്ഷയില്‍ നിയമപ്രകാരമുള്ള ഫീസ് പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ എറണാകുളം സിറ്റി പോലിസ് കാര്യാലയത്തിലെ എസ്പിഐഒ നിരസിച്ചതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ബാങ്കുകള്‍ എന്നതുപോലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പേ ഓര്‍ഡറുകള്‍ നല്‍കാറുണ്ടെങ്കിലും ബാങ്കുകളുടെ പേ ഓര്‍ഡര്‍ മാത്രമേ സ്വീകരിക്കാന്‍ കേരളത്തിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുമതിയുള്ളൂവെന്നും അതു പ്രകാരമല്ലാതെ പണം സ്വീകരിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കി.