യുപിഎ സര്‍ക്കാരിന്റെ കാലത്തെതിനേക്കാള്‍ മൂന്നിരട്ടി വായ്പാ തട്ടിപ്പുകളാണു മോദി സര്‍ക്കാരിന്റെ കാലത്തു നടന്നതെന്നു ആര്‍ബിഐ
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണകാലത്തു രാജ്യത്തുണ്ടായ വായ്പാ തട്ടിപ്പുകളുടെ വര്‍ധന വെളിപ്പെടുത്തി ആര്‍ബിഐ. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന വായ്പാ തട്ടിപ്പുകളുടെ മൂന്നിരട്ടി തട്ടിപ്പുകള്‍ മോദി സര്‍ക്കാരിനു കീഴില്‍ നടന്നെന്നു, വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷക്കു മറുപടിയായി ആര്‍ബിഐ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ പ്രസഞ്ജിത് ബോസിനു നല്‍കിയ മറുപടിയിലാണു ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. തട്ടിപ്പുകളുടെ എണ്ണത്തില്‍ മാത്രമല്ല, തട്ടിയ പണത്തിന്റെ കാര്യത്തിലും വന്‍ വര്‍ധനയാണിക്കാലത്തുണ്ടായിട്ടുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. യുപിഎ ഭരണകാലമായ 2009-2014 വരെ, 22,441 കോടി രൂപയുടെ വായ്പാ തട്ടിപ്പാണു രാജ്യത്തു നടന്നതെങ്കില്‍ മോദി അധികാരത്തിലേറിയ 2014 മുതല്‍ 2018 മാര്‍ച്ചു വരെ( നാലുവര്‍ഷം) മാത്രം 77,521 കോടി രൂപയുടെ വായ്പാ തട്ടിപ്പാണു നടന്നിട്ടുള്ളതെന്നു പ്രസഞ്ജിത് ബോസിനു നല്‍കിയ മറുപടിയില്‍ ആര്‍ബിഐ വ്യക്തമാക്കി.