പ്രിയങ്കാ ഗാന്ധിക്കു ബാലാവകാശ കമ്മീഷന്‍ നോട്ടിസ്

കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിച്ചു എന്നാരോപിച്ചാണ് നോട്ടീസ്

Update: 2019-05-03 04:21 GMT

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കു ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ്. രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചും മോദിയെ അവഹേളിക്കുന്ന തരത്തിലും മുദ്രാവാക്യം വിളിക്കുന്ന കുട്ടികളെ പ്രിയങ്ക ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിച്ചു എന്നാരോപിച്ചാണ് നോട്ടീസ്.

പ്രിയങ്ക മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കുഞ്ഞുങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്ന ബോംബെ ഹൈക്കോടതിയുടെ 2014ലെ നിര്‍ദേശം പരാമര്‍ശിക്കുന്ന നോട്ടീസില്‍ വീഡിയോയില്‍ കാണിക്കുന്ന കുഞ്ഞുങ്ങളുടെ വിലാസമടക്കമുള്ള വിവരങ്ങളും അവരെങ്ങനെ അവിടെയെത്തി എന്നതടക്കമുള്ള കാര്യങ്ങളും വിശദീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ വീഡിയോയെ ബിജെപി ദുരുപയോഗം ചെയ്യുകയും തനിക്കെതിരേ ഉപയോഗിക്കുകയുമാണെന്നു പ്രിയങ്ക പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരേ അടക്കം മോശം പരാമര്‍ശം നടത്തിയ കുഞ്ഞുങ്ങളെ തിരുത്തുകയാണ് താന്‍ ചെയ്തത്. ഈ ഭാഗം വെട്ടി മാറ്റിയും വീഡിയോ എഡിറ്റു ചെയ്തുമാണ് ബിജെപി പ്രചരിപ്പിച്ചത്. വീഡിയോ മുഴുവനായി കണ്ടാല്‍ സത്യാവസ്ഥ തിരിച്ചറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി. 

Tags:    

Similar News