'യോഗിയുടെ ഭരണത്തില്‍ ഇരകളെ വേട്ടയാടുന്നു'; ഇതാണോ ബിജെപിയുടെ നീതിയെന്ന് പ്രിയങ്ക ഗാന്ധി

'ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടന്നു. ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും സമാന സംഭവങ്ങളാണു നടക്കുന്നത്. പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Update: 2019-09-26 12:14 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണകൂടം ഇരകളെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതാണോ ബിജെപി നടപ്പിലാക്കുന്ന നീതിയെന്നു പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു. ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡനാരോപണം ഉന്നയിച്ച ബിരുദ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

ഉന്നാവോ പീഡനക്കേസും സ്വാമി ചിന്മയാനന്ദിനെതിരായ പീഡനക്കേസും താരതമ്യം ചെയ്ത പ്രിയങ്ക ഗാന്ധി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

'ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ 13 മാസത്തിനുശേഷം കുറ്റാരോപിതനായ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും നടന്നു. ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും സമാന സംഭവങ്ങളാണു നടക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ കുടുംബം സമ്മര്‍ദ്ദത്തിലാണ്'പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

'ബിജെപി നേതാവിനെതിരെ പോലിസ് നടപടിയെടുക്കാതിരുന്നതു മനപ്പൂര്‍വ്വമാണ്. ഒടുവില്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് കുറ്റാരോപിതനെ അറസ്റ്റ് ചെയ്തത്. പീഡനക്കുറ്റം പോലും ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണോ ബിജെപി നല്‍കുന്ന നീതി' പ്രിയങ്ക ചോദിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ നിയമ വിദ്യാര്‍ഥിനിയെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടിയും കുടുംബവും പറഞ്ഞു. ബിജെപി നേതാവിനെതിരേ പരാതി നല്‍കിയതിലുള്ള പ്രതികാരമാണ് പെണ്‍കുട്ടിക്കെതിരെയുള്ള നടപടിയെടുന്നു ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്നു പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു.

Tags:    

Similar News