പ്രസവവേളയില്‍ ഉടലില്‍നിന്നു തല വേര്‍പെട്ട് നവജാതശിശു മരിച്ചു

സാധാരണ കുഞ്ഞുങ്ങള്‍ക്കുണ്ടാവേണ്ടതിനേക്കാള്‍ കുറഞ്ഞ തൂക്കം മാത്രമുണ്ടായിരുന്ന കുഞ്ഞിനെ പുറത്തെടുക്കുന്നത് അപകടകരമാണെന്നറിഞ്ഞിട്ടും സ്വഭാവിക പ്രസവത്തിനു ശ്രമിച്ചതാണ് നവജാത ശിശുവിന്റെ മരണകാരണമെന്നാണ് ആരോപണം

Update: 2019-03-21 17:09 GMT
പ്രസവവേളയില്‍ ഉടലില്‍നിന്നു തല വേര്‍പെട്ട് നവജാതശിശു മരിച്ചു

ചെന്നൈ: നഴ്‌സുമാര്‍ പ്രസവമെടുക്കുന്നതിനിടെ തല ഉടലില്‍നിന്നു വേര്‍പ്പെട്ട് നവജാതശിശു മരിച്ചു. കാഞ്ചിപുരം ജില്ലയിലെ കൂവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു സംഭവം. ചൊവ്വാഴ്ച രാത്രി ഡോക്ടറില്ലാത്ത സമയം നഴ്‌സുമാര്‍ പ്രസവമെടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുകയും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും ചെയ്തു. പ്രദേശവാസിയായ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈസമയം ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പ്രസവ വേദന ശക്തമായതോടെ നഴ്‌സുമാര്‍ തന്നെ കുട്ടിയെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നഴ്‌സുമാരുടെ ശ്രമത്തിനിടെ നവജാതശിശുവിന്റെ തല വേര്‍പെട്ടുപോവുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് മാതാവിനെ ഉടന്‍ ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രസവവേദന ശക്തമായപ്പോള്‍ സ്ത്രീയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നു പറഞ്ഞതോടെയാണ് കുഞ്ഞിനെ എടുക്കാന്‍ തീരുമാനിച്ചതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് തമിഴ്‌നാട് പൊതു ആരോഗ്യ ഡയറക്ടര്‍ ഡോ. സെന്തില്‍ കുമാര്‍ ഉത്തരവിട്ടു. സാധാരണ കുഞ്ഞുങ്ങള്‍ക്കുണ്ടാവേണ്ടതിനേക്കാള്‍ കുറഞ്ഞ തൂക്കം മാത്രമുണ്ടായിരുന്ന കുഞ്ഞിനെ പുറത്തെടുക്കുന്നത് അപകടകരമാണെന്നറിഞ്ഞിട്ടും സ്വഭാവിക പ്രസവത്തിനു ശ്രമിച്ചതാണ് നവജാത ശിശുവിന്റെ മരണകാരണമെന്നാണ് ആരോപണം.




Tags:    

Similar News