മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലിൽ; നാട്ടുകാർ സ്‌കൂളിന് തീയിട്ടു

Update: 2024-05-17 12:02 GMT

പട്‌ന: ബിഹാറിലെ പട്‌നയില്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞതോടെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ കെട്ടിടത്തിന് തീയിട്ടു. ഒട്ടേറെ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പട്‌നയിലെ 'ടിനി ടോട്ട് അക്കാദമി' എന്ന സ്‌കൂളിലാണ് സംഭവം.

കഴിഞ്ഞദിവസം സ്‌കൂളിലേക്ക് പോയ മൂന്നുവയസ്സുകാരന്‍ തിരിച്ചെത്താതിനാലാണ് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. ബന്ധുക്കള്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങിയത്. സ്‌കൂളിന് നേരേ ആക്രമണം അഴിച്ചുവിട്ട ഇവര്‍ കെട്ടിടത്തിന് തീയിട്ടു. വാഹനങ്ങളും കത്തിച്ചു. സ്‌കൂളിലേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയും റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തടസ്സമുണ്ടാക്കുകയുംചെയ്തു.

വിവരമറിഞ്ഞ് പട്‌ന എസ്പി ചന്ദ്രപ്രകാശ് അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി സ്‌കൂളിലേക്ക് വന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, സ്‌കൂള്‍ വളപ്പില്‍നിന്ന് പുറത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാനില്ലെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News