ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നിലവില്‍ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിനായുള്ള നടപടിക്രമങ്ങള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ടെന്നും പറഞ്ഞു. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎഎ സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കവേയാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.
ജില്ലാതലത്തിലുള്ള സമിതികള്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്‍ നല്‍കുന്ന രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകും. അപേക്ഷകള്‍ പരിഗണിക്കാന്‍ എംപവര്‍ഡ് സമിതികള്‍ രൂപീകരിക്കും. പൗരത്വം ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്തവര്‍, ഇന്ത്യന്‍ പൗരന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അച്ഛനമ്മമാരില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയവര്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. 39 പേജുള്ള ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. രേഖകളില്ലാത്തവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും പറഞ്ഞു.
അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ആവശ്യപ്പട്ട് കോടതിയെ സമീപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി. അതേസമയം, സിഎഎ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൊണ്ടുവന്നതിന്റ ലക്ഷ്യം ധ്രുവീകരണമാണെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. ഇലക്ടറല്‍ ബോണ്ട് വിധിയിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു. സിഎഎയിലൂടെ ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഒരു മതവിഭാഗത്തെ അന്യവത്ക്കരിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടങ്ങളിലൂടെ എതിര്‍ക്കുമെന്നും എല്ലാവരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും വ്യക്തമാക്കി.
മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് സിഎഎ നടപ്പാക്കിയതെന്ന് സിപിഐ നേതാവ് ആനിരാജ കുറ്റപ്പെടുത്തി. ഈ നീക്കത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള തന്ത്രമാണിതെന്നും പറഞ്ഞു. സമവായമില്ലാതെ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടു.