സിവില്‍ സര്‍വീസ്: അഭിമുഖം വരെയെത്തുന്നവരെ കേന്ദ്രസര്‍വീസില്‍ പരിഗണിക്കണമെന്ന് യുപിഎസ്‌സി
സിവില്‍ സര്‍വീസ് ലഭിക്കാത്തവരെ മറ്റ് കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് യുപിഎസ്‌സി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്. ഒട്ടേറെ തവണ ശ്രമിച്ച് അവസാനഘട്ടത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കുന്ന യുപിഎസ്‌സിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷവരെയെത്തി പരാജയപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ശുപാര്‍ശയുമായി യുപിഎസ്‌സി. സിവില്‍ സര്‍വീസ് ലഭിക്കാത്തവരെ മറ്റ് കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന് യുപിഎസ്‌സി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്. ഒട്ടേറെ തവണ ശ്രമിച്ച് അവസാനഘട്ടത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കുന്ന യുപിഎസ്‌സിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും റാങ്കും അനുസരിച്ചായിരിക്കും നിയമനം. ചിലപ്പോള്‍ ചെറിയ പരീക്ഷയോ അഭിമുഖമോ നടത്താനും സാധ്യതയുണ്ട്. കൈയെത്തുംദൂരത്ത് സിവില്‍ സര്‍വീസ് നഷ്ടമാവുന്നവരെ ഭരണമേഖലയില്‍ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒഡീഷയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗത്തില്‍ യുപിഎസ്‌സി അധ്യക്ഷന്‍ അരവിന്ദ് സക്‌സേനയാണ് ഇക്കാര്യം അറിയിച്ചത്്. ഓരോ വര്‍ഷവും പത്തുലക്ഷത്തോളം പേരാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ മാത്രമേ പ്രാഥമികപരീക്ഷ വിജയിക്കുന്നുള്ളൂ.
മെയിന്‍ പരീക്ഷ കടക്കുന്ന 3,000 ഉദ്യോഗാര്‍ഥികളില്‍നിന്ന് അഭിമുഖവും കഴിഞ്ഞ് ഏതാണ്ട് 600 പേരാണ് സിവില്‍ സര്‍വീസ് നേടുന്നത്. ബാക്കിയുള്ളവര്‍ക്കും അവസരം നല്‍കാനുള്ള തീരുമാനം പ്രതീക്ഷയോടെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ കാണുന്നത്. സിവില്‍ സര്‍വീസിന് ശ്രമിക്കുന്നവരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഇത് സഹായകമാവുമെന്ന് യുപിഎസ്‌സി അധ്യക്ഷന്‍ അറിയിച്ചു. 2016ല്‍ യുപിഎസ്‌സി നല്‍കിയ ഇതേ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും നടപ്പായിരുന്നില്ല.