കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ലോറി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേത്; ഡ്രൈവര്‍ കീഴടങ്ങി
കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചു. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായിരുന്ന വി ആര്‍ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.
തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിങ് എന്ന കമ്പനിയുടേതെന്ന് തിരിച്ചറിഞ്ഞു. ഒരുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ് അപകടമുണ്ടാക്കിയത്. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്.
കോയമ്പത്തൂര്‍- സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎല്‍ 15 എ 282 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം വോള്‍വോ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 48 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരെയും തിരിച്ചറിഞ്ഞു.
പാലക്കാട്, തൃശൂര്‍, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവരെല്ലാം. മരിച്ചവരുടെ ബാഗുകളില്‍നിന്നോ പഴ്‌സില്‍നിന്നോ ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പേരും മേല്‍വിലാസവും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് ഗതാഗതമന്ത്രിയും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചു. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായിരുന്ന വി ആര്‍ ബൈജു, ഗിരീഷ് എന്നിവരാണ് മരിച്ചത്.
പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയുംവേഗം പാലക്കാട് ജില്ലാ പോലിസ് മേധാവി ശിവവിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലിസ് കമ്മീഷണറും ഉറപ്പുനല്‍കിയതായി ഡിജിപിയുടെ ഓഫിസ് അറിയിച്ചു.