കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി ഡോ.പി ആര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു
ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എവിപി) മാനേജിങ് ഡയറക്ടര്‍ ഡോ.പി ആര്‍ കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെഎംസിഎച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
എവിപി സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി വി രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സപ്തംബര്‍ 23ന് കോയമ്പത്തൂരിലാണ് ജനനം. കസ്തൂരി വാരസ്യാര്‍, ഗീത വാരസ്യാര്‍, രാജന്‍ വാര്യര്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍, പരേതയായ തങ്കം വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം. അച്ഛന്റെ കാലശേഷം 1994ലാണ് എവിപിയുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്.
കോയമ്പത്തൂര്‍ ആയുര്‍വേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യന്‍ രാമവാര്യര്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ആയുര്‍വേദയുടെ എക്സിക്യുട്ടീവ് ചെയര്‍മാന്‍, കെയര്‍ കേരളയുടെ സിഎംഡി തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാര്‍ വഹിച്ചിട്ടുണ്ട്. പി ആര്‍ കൃഷ്ണകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആയുര്‍വേദ മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.