കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് ദാരുണസംഭവമുണ്ടായത്. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
മംഗലാപുരം- ചെന്നൈ മെയിലാണ് ആനകളെ ഇടിച്ചതെന്നാണ് റെയില്‍വേ അധികൃതരില്‍നിന്നും ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. ചരിഞ്ഞ ആനകളുടെ മൃതദേഹം മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്- കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.