സ്ഥാനാര്‍ഥി നിര്‍ണയം: അഭിപ്രായവ്യത്യാസമുണ്ടെന്ന് സമ്മതിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Update: 2019-03-17 15:18 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുവെന്നതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥിരീകരണം. സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാ കാലത്തും ഇത്തരം അഭിപ്രായവ്യത്യാസം കോണ്‍ഗ്രസിലുണ്ടായിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യം.

കൂട്ടായ ചര്‍ച്ചയിലൂടെ ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ വി തോമസിന് എറണാകുളം സീറ്റ് നല്‍കാതിരുന്നത് അടുത്ത ദിവസങ്ങളിലെ സാഹചര്യം കാരണമാണ്. തോമസിന് സീറ്റ് നല്‍കുമെന്ന് താന്‍ പറഞ്ഞിരുന്നതാണ്. തോമസ് മല്‍സരിച്ചാലും ജയിക്കുമായിരുന്നു. പക്ഷേ, കുറച്ച് കഷ്ടപ്പെടേണ്ടിവരും. ആ സാഹചര്യം പരിഗണിച്ച് യുവാവായ ഒരു സ്ഥാനാര്‍ഥിയെ പരിഗണിക്കുകയായിരുന്നു. കെ വി തോമസിനോട് അനാദരവ് കാണിച്ചിട്ടില്ല. ഒരു സാഹചര്യത്തിലും വടകരയില്‍ മല്‍സരിക്കാനില്ല. എഐസിസിയില്‍നിന്ന് മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ടായി. പക്ഷേ, മല്‍സരിക്കാനില്ലെന്ന് അറിയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് സമിതി തന്റെ നിലപാട് അംഗീകരിച്ചെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ഗ്രൂപ്പുപോരില്‍തട്ടി സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതോടെ യാത്ര നീട്ടിവയ്ക്കുകയായിരുന്നു. 

Tags:    

Similar News