കൊറോണ വൈറസ്: അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലും ചൈനയ്ക്ക് പുറമേ വൈറസ് ഇതിനോടകംതന്നെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള കേസുകളുടെ എണ്ണം ഒരാഴ്ച മുമ്പ് 800ല്‍നിന്ന് പതിനായിരത്തിലധികമായി.

Update: 2020-02-03 15:06 GMT

ന്യൂഡല്‍ഹി: ലോകത്തെമ്പാടുമുള്ള പതിനായിരത്തോളം ആളുകളെ ബാധിച്ച കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലും ചൈനയ്ക്ക് പുറമേ വൈറസ് ഇതിനോടകംതന്നെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള കേസുകളുടെ എണ്ണം ഒരാഴ്ച മുമ്പ് 800ല്‍നിന്ന് പതിനായിരത്തിലധികമായി.

ഇന്ത്യയില്‍ വൈറസ് സ്ഥിരികരിച്ച കേസ് ജനുവരി 30ന് കേരളത്തില്‍ റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ തന്നെ 900 ഓളം പേര്‍ ഇന്ത്യയിലുടനീളം നിരീക്ഷണത്തിലാണ്. ഇതില്‍ 800 പേര്‍ കേരളത്തില്‍ മാത്രം നിരീക്ഷണത്തിലാണ്. പത്തോളം പേര്‍ ആശുപത്രികളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയാണ്.

വൈറസ് രാജ്യത്ത് പടരുന്ന സ്ഥിതിയാണെങ്കില്‍ ഏറ്റവും ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളുള്ള സംസ്ഥാനങ്ങളില്‍ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ ഇന്‍സുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കണം. പ്രത്യേക കേന്ദ്ര ആരോഗ്യവിദഗ്ധരെ സംസ്ഥാനങ്ങളിലേക്കും അയക്കണം. കേസുകള്‍ എത്രയുംവേഗം തിരിച്ചറിയുന്നതിന് പൂര്‍ണസംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News