സാമ്പത്തിക മാന്ദ്യം: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ആകെ 1.45 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യം മറികടക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കും പുതിയ പ്രാദേശിക ഉല്‍പാദക കമ്പനികള്‍ക്കും പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ആകെ 1.45 ലക്ഷം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ണായ ജിഎസ്ടി യോഗം ഗോവയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. നിലവിലെ ആഭ്യന്തര കമ്പനികളുടെ നികുതി 25 ശതമാനത്തില്‍നിന്നാണ് 22 ശതമാനമായി കുറച്ചത്. ഇനി മുതല്‍ സര്‍ചാര്‍ജും സെസും കൂട്ടി 25.17 ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികളുടെ നികുതി 15 ശതമാനം മാത്രമായിരിക്കും. പുതിയ കമ്പനികള്‍ സര്‍ച്ചാര്‍ജും ചേര്‍ത്ത് 17.01 ശതമാനം നല്‍കിയാല്‍ മതിയാവും. 2023 മാര്‍ച്ചിനു മുമ്പ് ഉല്‍പാദനം തുടങ്ങുന്ന കമ്പനികള്‍ക്കാണ് ഇളവ്. കുറഞ്ഞ കോര്‍പറേറ്റ് നികുതിയിലേക്ക് മാറുന്ന കമ്പനികള്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ പാടില്ല. ഈ കമ്പനികള്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സും (മാറ്റ്) നല്‍കേണ്ടതില്ല. മറ്റു കമ്പനികളുടെ മാറ്റ് 18.5 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കമ്പനികളുടെ ഓഹരി കൈമാറ്റത്തിലൂടെയുള്ള മൂലധനവരുമാനത്തിനും വിദേശ ഓഹരി നിക്ഷേപകരുടെ മൂലധനവരുമാനത്തിനും അധികസര്‍ച്ചാര്‍ജ് ഈടാക്കില്ല. ജൂലൈ അഞ്ചിനു മുമ്പ് ഓഹരികള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച കമ്പനികള്‍ക്ക് ഇതിനുള്ള നിരക്കില്‍ ഇളവുനല്‍കും.
ഇന്‍കുബേറ്റര്‍, സര്‍വകലാശാലകള്‍, ഐഐടികള്‍, പൊതുശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സിഎസ്ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി) ഫണ്ട് കമ്പനികള്‍ക്ക് ഉപയോഗിക്കാം. സാമ്പത്തികവളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ 22 ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാവും. നികുതി ഇളവ് പ്രഖ്യാപനം വന്നതിനുപിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. സെന്‍സെക്‌സ് 2,284.55 പോയിന്റ് ഉയര്‍ന്ന് 38,378 ലും നിഫ്റ്റി 677.1 പോയിന്റ് ഉയര്‍ന്ന് 11,381.90 ലുമെത്തി. 10 വര്‍ഷത്തിനിടയില്‍ ഒറ്റദിവസംകൊണ്ടുണ്ടാവുന്ന ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്.