കാര്‍ മോഷണത്തിനായി ഡ്രൈവറെ കൊന്ന് ഓവുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാര്‍ മോഷ്ടിക്കാനായി ഊബര്‍ ഡ്രൈവറെ കൊന്നു കഷ്ണങ്ങളാക്കി ഓവുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശുകാരായ ഫര്‍ഹത് അലി (34), സീമ ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ രാംഗോവിന്ദാണ് കൊല്ലപ്പെട്ടത്. കൊലക്കു ശേഷം കാറുമായി ദമ്പതികള്‍ കടന്നുകളഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ സന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഇരുവരെയും പോലിസ് പിടികൂടുകയായിരുന്നു. റാം ഗോവിന്ദിനെ കാണാനില്ലെന്നു കാണിച്ചു ജനുവരി 29നാണു ഭാര്യ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു അവസാനം ഊബര്‍ വിളിച്ച ദമ്പതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എംജി റോഡില്‍നിന്ന് ഗാസിയാബാദിലേക്കാണു ദമ്പതികള്‍ റാം ഗോവിന്ദിനെ ഓട്ടം വിളിച്ചത്. യാത്രക്കിടെ വീട്ടിലേക്കു ക്ഷണിച്ച ദമ്പതികള്‍ ഗോവിന്ദിനു മയക്കുമരുന്നു കലര്‍ത്തിയ ചായ നല്‍കിയ ശേഷം കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ചെറിയ കഷ്ണങ്ങളായി മുറിച്ചു ഗ്രേറ്റര്‍ നോയിഡയിലെ ഓവുചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു