കൊവിഡില്‍ കുടുങ്ങിയവരുടെ മടക്കം: 'എയര്‍ ബബിള്‍' സര്‍വീസിന് 13 രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി
ഉഭയകക്ഷി എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്താന്‍ കഴിയും.
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ മടക്കിക്കൊണ്ടുവരുന്നതിന് എയര്‍ ബബിള്‍ സംവിധാനം (ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രിത സര്‍വീസ്) സാധ്യമാക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ആസ്‌ത്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളുമായാണ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കായി പ്രത്യേക ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ചര്‍ച്ച നടത്തിവരുന്നതെന്ന് മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
ഉഭയകക്ഷി എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്താന്‍ കഴിയും. അയല്‍രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുമായും എയര്‍ ബബിള്‍ സര്‍വീസിന് ശ്രമിക്കുന്നുണ്ട്. ജൂലൈ മുതല്‍ അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായി എയര്‍ ബബിള്‍ സര്‍വീസ് നടത്താന്‍ ധാരണയായി. ആസ്‌ത്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പൈന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നിങ്ങനെ 13 രാജ്യങ്ങളുമായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
ഞങ്ങള്‍ ഇപ്പോഴും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായും ഇത്തരം ഉഭയകക്ഷി സര്‍വീസ് ക്രമീകരണങ്ങളെക്കുറിച്ച് ഇന്ത്യ പരിഗണിക്കും. മറ്റ് രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഓരോ പൗരനെയും ഇന്ത്യയില്‍ തിരികെയെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ ഇന്ത്യയില്‍ നിര്‍ത്തിവച്ചിരുന്നു. മെയ് 25 മുതലാണ് ഇന്ത്യ ആഭ്യന്തരയാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചത്.
എന്നാല്‍, 50-60 ശതമാനം മാത്രമായിരുന്നു വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം. സര്‍വീസ് നിര്‍ത്തിവയ്ക്കാനിടയായും യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന കുറവും വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകളും ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാത്ത അവധി, ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടല്‍ എന്നിങ്ങനെയുള്ള ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.