മാസ്‌കില്ലെങ്കില്‍ പിഴയില്ല; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഡല്‍ഹി

Update: 2022-04-01 00:51 GMT

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴയാണ് ചുമത്തിയിരുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തില്‍ ഇളവ് വരുത്തിയെങ്കിലും മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി നിയമവും തുടരും.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 2,000 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഡിഡിഎംഎ യോഗത്തില്‍ തുക കുറയ്ക്കുകയായിരുന്നു. രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടുണ്ട്. ബുധനാഴ്ച ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ 123 ആയിരുന്നു.

24 മണിക്കൂറിനുള്ളില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചു. മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല. ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു. പശ്ചിമ ബംഗാളില്‍ രാത്രി കര്‍ഫ്യൂവും വാഹന നിയന്ത്രണവും നീക്കി. പുതിയ കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News