കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലുള്ള കേന്ദ്രഭരണ പ്രദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ഉന്നതതല ചര്‍ച്ച നടത്തും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലുള്ള കേന്ദ്രഭരണ പ്രദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും.
നിലവിലെ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇത് തടയുവാന്‍ വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 65.5 ശതമാനവും 77 ശതമാനം മരണവും മേല്‍പ്പറഞ്ഞ ഏഴ് സംസ്ഥാനങ്ങളിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് -19 കേസുകളുടെ എണ്ണത്തില്‍ പഞ്ചാബ്, ഡല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.
പഞ്ചാബിനും യുപിക്കും പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളുടെ പോസിറ്റീവിറ്റി നിരക്ക് ദേശീയ ശരാശരിയായ 8.52 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം.