ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണവിധേയം; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍
ജൂണ്‍ അവസാനം 60,000 കേസുകളുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞമാസം അവസാനം 26,000 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ബാധയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ ഭയാനകരമായ സാഹചര്യമില്ലെന്നും സ്ഥിതി മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്. ജൂണ്‍ അവസാനം 60,000 കേസുകളുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞമാസം അവസാനം 26,000 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ദിവസം 4,000 കേസുകള്‍ എന്നതില്‍നിന്ന് 2,500 ലേക്ക് എത്തിയിട്ടുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ഒരാഴ്ചയായി കൊവിഡ് ഭേദമാവുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗമുക്തി നിരക്ക് 60 ശതമാനത്തില്‍നിന്ന് 66.79 ആയി ഉയര്‍ന്നു. എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. സാഹചര്യം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ സ്ഥിതി മെച്ചപ്പെടുന്നു. എന്നിരുന്നാലും കൊവിഡ് പ്രതിരോധത്തില്‍ അലംഭാവമുണ്ടാവരുത്. വൈറസ് പ്രവചനാതീതമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധനയില്‍ ശുഭസൂചനകളാണുണ്ടാവുന്നത്.
നേരത്തെ പരിശോധിക്കുന്ന 100 പേരില്‍ 31 പേര്‍ പോസിറ്റീവായിരുന്നു. ഇപ്പോഴത് 100 പേരില്‍ 13 ആയി ചുരുങ്ങിയെന്നും കെജ്‌രിവാള്‍ പറഞ്ഞു. രോഗമുക്തിയുടെ നിരക്കും വര്‍ധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ആവശ്യത്തിന് ബെഡുകള്‍ സജ്ജമാണ്. കൊവിഡ് വ്യാപനത്തില്‍ മൂന്നാംസ്ഥാനത്തുള്ള ഡല്‍ഹിയില്‍ 87,360 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 26,270 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 3000 ന് മുകളിലായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി 2,200 ന് അടുത്ത കേസുകള്‍ മാത്രമാണുള്ളത്.