കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ക്ലാസിലേക്ക് മടങ്ങാന്‍ കോളജുകളോട് തമിഴ്‌നാട് സര്‍ക്കാര്‍

ബാക്കിയുള്ള പ്രാക്ടിക്കല്‍ ക്ലാസുകളും പരീക്ഷകളും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സെമസ്റ്റര്‍ പരീക്ഷകളും വെര്‍ച്വല്‍ മോഡില്‍ നടത്തണം.

Update: 2021-03-23 05:17 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോളജുകളുകളോട് ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാക്കിയുള്ള പ്രാക്ടിക്കല്‍ ക്ലാസുകളും പരീക്ഷകളും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സെമസ്റ്റര്‍ പരീക്ഷകളും വെര്‍ച്വല്‍ മോഡില്‍ നടത്തണം.

ചീഫ് സെക്രട്ടറി രാജീവ് രഞ്ജന്‍ വൈസ് ചാന്‍സലര്‍മാരുമായും ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. കോളജുകളും പോളിടെക്‌നിക്കും ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള ക്ലാസുകള്‍ ആഴ്ചയില്‍ ആറുദിവസം ഓണ്‍ലൈനില്‍ നടക്കും.

എന്നാല്‍, റെസിഡന്‍ഷ്യല്‍ വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടരുമോ എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 2020 മാര്‍ച്ചില്‍ അടച്ചുപൂട്ടിയിരുന്നു. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താമെന്ന് വൈസ് ചാന്‍സലര്‍മാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 70 മുതല്‍ 80 ശതമാനം വരെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്നും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ നടത്തുന്നുണ്ടെന്നും പ്രതിനിധികള്‍ അറിയിച്ചിരുന്നു.

Tags:    

Similar News