രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍
മൂന്നുകോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഈമാസം 16 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മൂന്നുകോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
രാജ്യത്തെ കൊവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. കാബിനെറ്റ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ആരോഗ്യസെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. വാക്‌സിന്‍ സ്‌റ്റോക്കുകള്‍, സംഭരണ താപനില, ഗുണഭോക്താക്കളുടെ ട്രാക്കിങ് എന്നിവയെക്കുറിച്ചുള്ള തല്‍സമയ വിവരങ്ങള്‍ നല്‍കുന്നതിന് ഡിജിറ്റല്‍ വാക്‌സിന്‍ ഡെലിവറി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
വാക്‌സിന്‍ സ്വീകര്‍ത്താക്കള്‍ക്ക് ഓട്ടോമേറ്റഡ് സെഷന്‍ അലോക്കേഷന്‍, വെരിഫിക്കേഷന്‍, പോസ്റ്റ്‌വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കും. ലോഹ്രി, മകരസംക്രാന്തി, പൊങ്കല്‍, മാഗ് ബിഹു തുടങ്ങിയ ഉല്‍സവങ്ങള്‍ കണക്കിലെടുത്താണ് കൊവിഡ് വാക്‌സിനേഷന്‍ 2021 ജനുവരി 16 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 736 ജില്ലകളില്‍ വെള്ളിയാഴ്ചയാണ് കൊവിഡ് 19 വാക്‌സിനേഷന്റെ രണ്ടാം ഡ്രൈ റണ്‍ (മോക്ഡ്രില്‍) ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ചര്‍ച്ച നടത്തുന്നുണ്ട്.