കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 27 മരണം; 505 പുതിയ കേസുകള്‍
ഇതുവരെ 3,577 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 267 പേര്‍ക്ക് രോഗം ഭേദമായി.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 27 പേര്‍. ഇക്കാലയളവില്‍ പുതുതായി 505 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 83 ആയി. ഇതുവരെ 3,577 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 267 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാവുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്. ഞായറാഴ്ച മാത്രം രാജ്യത്ത് 541 പുതിയ കേസുകളുണ്ടായി. മുംബൈയില്‍ എട്ട് മരണകൂടി റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 103 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ 7 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 86 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ചത് 314 പേര്‍ക്കാണ്. ഞായറാഴ്ച 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചു കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും. തീവ്രബാധിതമേഖലകളിലും രോഗബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തണം. ബുധനാഴ്ചയോടെ പരിശോധനയ്ക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാം.
രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊവിഡ് വായുവിലൂടെ പകരുമെന്ന പ്രചരണം ഐസിഎംആര്‍ തള്ളി. സ്രവത്തിലൂടെ മാത്രമേ രോഗം പകരൂ. ആരോഗ്യ പ്രവര്‍ത്തകരിലും രോഗം വ്യാപിക്കുകയാണ്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. രാജ്യത്ത് ഇതുവരെ അറുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.