രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.22 ശതമാനമായി വര്‍ധിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. തുടര്‍ച്ചയായ 21 ാം ദിവസവും മൂന്ന് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.32 ശതമാനമാണ്. 24 മണിക്കൂറിനിടെ 724 മരണവും റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,08,764 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,649 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി വര്‍ധിച്ചു. രാജ്യത്താകമാനം ഇതുവരെ മൂന്നുകോടിയിലധികം പേരാണ് രോഗമുക്തരായത്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,50,899 ആയി. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.46% ശതമാനമാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തത്. ആകെ നടത്തിയത് 43.23 കോടി പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 37.73 കോടി ഡോസ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഏവര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 38.86 കോടിയിലധികം (38,86,09,790) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. അധികമായി 63,84,230 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കും. ഇതില്‍ പാഴായതുള്‍പ്പെടെ 37,31,88,834 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. ഉപയോഗിക്കാത്ത 1.54 കോടിയിലധികം (1,54,20,956) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യാശുപത്രികളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.