ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 90 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് അര്‍ഹതയുള്ളത്. ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ഗണന പട്ടികയിലുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം. നേരത്തെ സ്വീകരിച്ച അതേ വാക്‌സിന്‍തന്നെ കരുതല്‍ ഡോസായി എടുക്കണം.
സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴി ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനികള്‍ വാക്‌സിനുകളുടെ വില കുറച്ചിട്ടുണ്ട്. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് നേരത്തെയുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സിനുകളുടെ വില കുത്തനെ കുറയ്ക്കാന്‍ ഭാരത് ബയോടെക്കും പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടും തീരുമാനിച്ചത്. സ്വകാര്യാശുപത്രികള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സീന്റെ വിലകുറയ്ക്കാനുള്ള ഇരുകമ്പനികളുടെയും തീരുമാനം. ഇനി മുതല്‍ ഇരുകമ്പനികളും സ്വകാര്യാശുപത്രികള്‍ക്ക് 225 രൂപ നിരക്കിലാവും വാക്‌സിന്‍ നല്‍കുക.
നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യാആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. ചില രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും നല്‍കാന്‍ തീരുമാനമായത്. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് നിര്‍ബന്ധവുമാണ്.