മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസ് അടച്ചു
ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റു ജീവനക്കാരോട് ക്വാറന്റൈനില്‍ പോവാനും നിര്‍ദേശം നല്‍കി. ഇതോടെ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസിലെ മൂന്നുജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫിസ് അസിസ്റ്റന്റുമാര്‍ക്കും ഒരു സെക്ഷന്‍ ഓഫിസര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അടച്ചുപൂട്ടുകയും ഇവരെ ക്വാറന്റൈനിലാക്കുകയും ചെയ്തു. ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റു ജീവനക്കാരോട് ക്വാറന്റൈനില്‍ പോവാനും നിര്‍ദേശം നല്‍കി. ഇതോടെ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലും കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെ പ്രധാന സ്ഥലങ്ങളിലെല്ലാം കൊവിഡ് സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. കോടതി നടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ രോഗവ്യാപനം തീവ്രതയിലായതിനാല്‍ ആരാധനാലയങ്ങളൊന്നും തുറന്നിട്ടില്ല. എന്നാല്‍, റെസ്റ്റോറന്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.