കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകള്‍ എല്ലാം അടച്ചിടും.
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ തുറക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകള്‍ എല്ലാം അടച്ചിടും. മാതാപിതാക്കളില്‍നിന്ന് പ്രതികരണങ്ങള്‍ തേടിയപ്പോള്‍ മിക്കവരും സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമായി. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ശരിക്കും ആശങ്കയുണ്ട്.
സ്‌കൂളുകള്‍ വീണ്ടും തുറന്ന ഇടങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു. സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചാല്‍ കൊവിഡ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇനിയും വ്യാപിക്കും. അത് സ്ഥിതി അപകടകരമാക്കുമെന്നും സിസോദിയ പറഞ്ഞു. തലസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് ഒക്ടോബര്‍ 24ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സിസോദിയയുടെ പ്രഖ്യാപനം.
കൊവിഡ് കണക്കിലെടുത്ത് ഒക്ടോബര്‍ 31 വരെ ഇവിടത്തെ സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച കൊവിഡ് കേസുകളില്‍ ഡല്‍ഹി ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് രേഖപ്പെടുത്തി.