ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകളും ജിമ്മുകളും തിങ്കളാഴ്ച മുതല്‍, രാത്രി കര്‍ഫ്യൂ സമയത്തില്‍ മാറ്റം
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍. ഡല്‍ഹിയില്‍ സ്‌കൂളുകളും ജിമ്മുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഇതിന് പുറമെ, ഉന്നത വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കി. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇളവുകള്‍ വരുത്തി അനുമതി നല്‍കിയത്.
വാക്‌സിനേഷനെടുക്കാത്ത അധ്യാപകരെ ജോലിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇന്ന് വൈകീട്ടോടെ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാര്‍ ഡ്രൈവര്‍മാരെ മാസ്‌ക് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കും. എല്ലാ ഓഫിസുകളും 100 ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാമെന്നും ഡിഡിഎംഎ അറിയിച്ചു. രോഗവ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവിലും ഇളവ് വരുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് ഇനി മുതല്‍ കര്‍ഫ്യൂ. നേരത്തെ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരുന്നു കര്‍ഫ്യൂ.
കൊവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കിയതെന്ന് ഡിഡിഎംഎ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 15 മുതല്‍ 18 വയസ്സുവരെ പ്രായമുളള ധാരാളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് വൈറസ് വ്യാപനം വിലയിരുത്തുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഡിഡിഎംഎയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡിഡിഎംഎ യോഗത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഡിഎംഎ യോഗത്തില്‍ 15-18 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ജനുവരി 27നാണ് ഡിഡിഎംഎ വാരാന്ത്യ കര്‍ഫ്യൂവും മാര്‍ക്കറ്റുകളിലെ ഒറ്റഇരട്ട നിയന്ത്രണങ്ങളും നീക്കിയത്. സിനിമാശാലകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് 50% സീറ്റ് പരിധി നല്‍കി വീണ്ടും തുറക്കാനും അനുവദിച്ചിരുന്നു. വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള മിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.