കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം: പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

കൊവിഡിനെതിരായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ തുടങ്ങിയവ അടിയന്തിരമായി ഉപയോഗിക്കാന്‍ രാജ്യത്തെ ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

Update: 2021-01-08 13:12 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകീട്ട് നാലിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിനെതിരായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ തുടങ്ങിയവ അടിയന്തിരമായി ഉപയോഗിക്കാന്‍ രാജ്യത്തെ ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ എല്ലാ വിവരങ്ങളും ജനങ്ങള്‍ക്കെത്തിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ഡ്രൈ റണ്‍ ആരോഗ്യമന്ത്രി അവലോകനം ചെയ്തു.

പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യഘട്ടത്തില്‍ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍ തുടങ്ങിയ 30 കോടിയാളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിനുകള്‍ വികസിപ്പിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വാക്‌സിനുകള്‍ നമ്മുടെ നാട്ടുകാര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. ആദ്യം നമ്മുടെ ആരോഗ്യവിദഗ്ധര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News