ഓട്ടോയില്‍ 'ഐ ലൗ കെജ്‌രിവാള്‍' പോസ്റ്റര്‍: ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളി രാജേഷിന്റെ അഭിഭാഷകന്‍ രംഗത്തെത്തി.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് വാഹനത്തിന് പുറകില്‍ 'ഐ ലൗ കെജ്‌രിവാള്‍' എന്ന പോസ്റ്റര്‍ പതിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴ ചുമത്തി ഡല്‍ഹി പോലിസ്. ജനുവരി 15നാണ് ഓട്ടോ ഡ്രൈവറായ രാജേഷിന് ഡല്‍ഹി പോലിസ് 10,000 രൂപ പിഴ ചുമത്തിയത്. തനിക്കെതിരേ പിഴ ചുമത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാജേഷ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാജേഷിന്റെ ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നവീന്‍ ചൗള സംഭവത്തില്‍ ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍, പോലിസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളി രാജേഷിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. അതൊരു രാഷ്ട്രീയ പരസ്യമായിരുന്നില്ലെന്നും ആണെങ്കില്‍തന്നെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ചെലവിലല്ല രാജേഷ് പോസ്റ്റര്‍ പതിച്ചതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒരു വ്യക്തിയുടെ കൈയില്‍നിന്ന് പണം ചെലവഴിച്ച് പോസ്റ്റര്‍ പതിച്ചത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2018ല്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം ഓട്ടോ അടക്കമുള്ള വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യം പതിക്കാവുന്നതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും പോസ്റ്റര്‍ പതിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും രാജേഷും പ്രതികരിച്ചു. തന്റെ മൗലികാവകാശമാണ് പോലിസ് ലംഘിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഐ ലവ് കെജ്‌രിവാള്‍', 'സിര്‍ഫ് കെജ്‌രിവാള്‍' തുടങ്ങിയ സ്റ്റിക്കറുകളാണ് രാജേഷ് തന്റെ ഓട്ടോറിക്ഷയ്ക്ക് പിന്നിലായി പതിച്ചിരുന്നത്. കഴിഞ്ഞ സപ്തംബറിലായിരുന്നു പോസ്റ്ററുകള്‍ ഓട്ടോയില്‍ പതിച്ചിരുന്നത്. ജനുവരി 15ന് അപ്പോളോ ആശുപത്രിയിലേക്ക് പോവുന്നവഴിയാണ് ട്രാഫിക് പോലിസ് രാജേഷിന് 10,000 രൂപയുടെ ചലാന്‍ പിഴയടക്കണമെന്നാവശ്യപ്പെട്ട് നല്‍കുന്നത്. ജനുവരി 14നാണ് ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. കേസ് അടുത്ത മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.