ന്യൂഡല്‍ഹി: ശിവലിംഗത്തിലിരിക്കുന്ന തേള്‍ എന്ന മോദിക്കെതിരായ പരാമര്‍ശത്തില്‍ നടപടി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ജാമ്യം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോല്‍സവത്തിലായിരുന്നു ശശി തരൂരിന്റെ മോദിക്കെതിരായ പരാമര്‍ശം.
ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നാണ് ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളായ മോദിയെ കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണെന്നു കാണിച്ചു ബിജെപി നേതാവ് രാജീവ് ബാബ്ബര്‍ ആണ് തരൂരിനെതിരെ കേസ് ഫയല്‍ ചെയ്തത്.
കേസില്‍ ശശി തരൂരിന് കോടതി സമന്‍സ് അയക്കുകയും ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
20,000 രൂപയുടെ ജാമ്യത്തിലാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ ശശിതരൂരിനു ജാമ്യം അനുവദിച്ചത്.