രാജ്യദ്രോഹക്കേസ്: കനയ്യകുമാറും ഉമര്‍ഖാലിദും അടക്കം 10 പേര്‍ക്ക് കോടതിയുടെ സമന്‍സ്
മാര്‍ച്ച് 15ന് ഇവര്‍ കോടതിയില്‍ ഹാജരാവണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ നിര്‍ദേശിച്ചു. കേസില്‍ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചാണ് കോടതിയുടെ നടപടി.
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2016 ഫെബ്രുവരിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ച് ചുമത്തിയ രാജ്യദ്രോഹക്കേസില്‍ കേസില്‍ സിപിഐ നേതാവും മുന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് 15ന് ഇവര്‍ കോടതിയില്‍ ഹാജരാവണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ നിര്‍ദേശിച്ചു. കേസില്‍ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചാണ് കോടതിയുടെ നടപടി.
അക്വൂബ് ഹുസൈന്‍, മുജീബ് ഹുസൈന്‍ ഗാട്ടൂ, മുനീബ് ഹുസൈന്‍ ഗാട്ടൂ, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത്ത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. 2016 ഫെബ്രുവരി 9ന് ജെഎന്‍യുവിലെ സബര്‍മതി ധാബയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ ഇവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് ആരോപണം. കനയ്യകുമാറാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. രാജ്യദ്രോഹക്കേസില്‍ ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ കനയ്യകുമാര്‍ അടക്കമുള്ളവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. 1,200 പേജുള്ള കുറ്റപത്രമാണ് കേസില്‍ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേതൃത്വം കൊടുത്തത് കനയ്യകുമാറാണെന്നും ഇതിന്റെ വീഡിയോ ക്ലിപ്പിങ്ങുകളുണ്ടെന്നും സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കനയ്യകുമാറിന് ഉമര്‍ ഖാലിദ് അയച്ച ഒരു എസ്എംഎസ്സും തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പോലിസിന്റെ അവകാശവാദം.