കൊവിഡ് പരത്തുമെന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കുനേരേ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

നിങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് വൈറസുമായി വന്നതാണെന്നും മാര്‍ക്കറ്റില്‍ പ്രവേശിച്ചാല്‍ ആളുകള്‍ക്ക് കൊറോണ പടരുമെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ അപമാനിച്ചു. ഡോക്ടര്‍മാര്‍ എതിര്‍ത്തപ്പോള്‍ ഇയാള്‍ ഇവരെ മര്‍ദിക്കുകയും തുടര്‍ന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

Update: 2020-04-09 05:45 GMT

ന്യൂഡല്‍ഹി: കൊവിഡ് പരത്തുമെന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കുനേരേ ആക്രമണം. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കുനേരെയാണ് ബുധനാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ഡല്‍ഹിയിലെ ഗൗതം നഗറില്‍ താമസിക്കുന്ന ഇവര്‍ വീടിന് സമീപമുള്ള മാര്‍ക്കറ്റിലാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയത്. എന്നാല്‍, പ്രദേശവാസിയായ ആള്‍ ഇരുവരും മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുകയായിരുന്നു.

പഴവര്‍ഗങ്ങള്‍ വാങ്ങാന്‍നിന്ന കടയില്‍നിന്ന് മാറിനില്‍ക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് വൈറസുമായി വന്നതാണെന്നും മാര്‍ക്കറ്റില്‍ പ്രവേശിച്ചാല്‍ ആളുകള്‍ക്ക് കൊറോണ പടരുമെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ അപമാനിച്ചു. ഡോക്ടര്‍മാര്‍ എതിര്‍ത്തപ്പോള്‍ ഇയാള്‍ ഇവരെ മര്‍ദിക്കുകയും തുടര്‍ന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. പോലിസെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

അക്രമികളെക്കുറിച്ച് വിവരം നല്‍കണമെന്ന് മാര്‍ക്കറ്റിലുണ്ടായിരുന്നവരോട് പോലിസ് ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. എന്നാല്‍, പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ 42കാരനായ ഇന്റീരിയര്‍ ഡിസൈനറെ രാത്രിയോടെ അറസ്റ്റുചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാര്‍ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത്) അതുല്‍കുമാര്‍ താക്കൂര്‍ പറഞ്ഞു. 

Tags:    

Similar News