ഡല്‍ഹി വംശീയകലാപം: കുറ്റപത്രത്തില്‍ യെച്ചൂരിയെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹം- എസ് ഡിപിഐ

വിദ്വേഷപ്രസംഗത്തിലൂടെ വംശീയകലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍ മിശ്രയെ പോലെയുള്ളവരെ ഒഴിവാക്കിയ ഡല്‍ഹി പോലിസാണ് രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണകൂടധിക്കാരങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത്.

Update: 2020-09-13 09:51 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശീയ കലാപക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരുടെ പേര് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വിദ്വേഷപ്രസംഗത്തിലൂടെ വംശീയകലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍ മിശ്രയെ പോലെയുള്ളവരെ ഒഴിവാക്കിയ ഡല്‍ഹി പോലിസാണ് രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണകൂടധിക്കാരങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് ഇവര്‍ ഹിംസാല്‍മക ഹിന്ദുത്വ ഫാഷിസത്തിനെതിരാണ് എന്നതുകൊണ്ടുമാത്രമാണ്. രാജ്യത്ത് വിവേചനങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കുമെതിരേ ശബ്ദിക്കുന്നവരെ തടവിലാക്കാമെന്ന ആര്‍എസ്എസ് നിയന്ത്രിത മോദി സര്‍ക്കാരിന്റെ ലക്ഷ്യം പൂവണിയാന്‍ പോവുന്നില്ല.

മോദി ഭരണത്തില്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്കും കൊടിയ ദാരിദ്ര്യത്തിലേക്കും പോവുകയാണ്. ഇതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും വഴിതിരിച്ചുവിടാനുമാണ് ഇത്തരം പ്രകോപനനീക്കങ്ങളിലൂടെ ബിജെപി ശ്രമിക്കുന്നത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഈ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരേ രാജ്യത്ത് ശക്തമായ പ്രതിരോധ കൂട്ടായ്മ ഉണ്ടാവണമെന്നും എം കെ ഫൈസി അഭ്യര്‍ഥിച്ചു. 

Tags:    

Similar News