പരാജയ ഭീതിയില്‍ പി സി ജോര്‍ജിന്റെ ധ്രുവീകരണ നീക്കം നാടിന്റെ സമാധാനത്തിന് ഭീഷണി: എസ് ഡിപിഐ
പാര്‍ട്ടിയെ എതിര്‍ചേരിയില്‍ നിര്‍ത്തി മറ്റു ചിലരുടെ പിന്തുണ നേടാനുള്ള ഹീനമായ ശ്രമമാണ് ഇതിന് പിന്നില്‍. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നത് ജോര്‍ജ് അവസാനിപ്പിക്കണം.
കോട്ടയം: പരാജയ ഭീതിയില്‍ പി സി ജോര്‍ജ് നടത്തുന്ന ധ്രുവീകരണ നീക്കം നാടിന്റ സമാധാനത്തിന് ഭീഷണിയാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി സി ജോര്‍ജിനെതിരേ ചിലര്‍ സംഘര്‍ഷമുണ്ടാക്കിയെന്ന വാര്‍ത്ത സംശയാസ്പദമാണെന്നും അതില്‍ എസ്ഡിപിഐയെ വലിച്ചിഴയ്ക്കാനുള്ള ശ്രമം ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ എതിര്‍ചേരിയില്‍ നിര്‍ത്തി മറ്റു ചിലരുടെ പിന്തുണ നേടാനുള്ള ഹീനമായ ശ്രമമാണ് ഇതിന് പിന്നില്‍. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നത് ജോര്‍ജ് അവസാനിപ്പിക്കണം.
സൗഹാര്‍ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും നാടാണ് ഈരാറ്റുപേട്ട ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലം. കഴിഞ്ഞ 30 വര്‍ഷമായി പി സി ജോര്‍ജ് ഈ മണ്ഡലത്തിലെ എംഎല്‍എയാണ്. എന്നാല്‍, മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിലുള്‍പ്പെടെ എംഎല്‍എ തികഞ്ഞ പരാജയമാണെന്ന് വോട്ടര്‍മാര്‍ ഏകസ്വരത്തില്‍ പറയുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നമായി നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലും എംഎല്‍എക്കായിട്ടില്ല.
പൂഞ്ഞാര്‍ മണ്ഡലത്തോട് ചേര്‍ന്നുകിടക്കുന്ന ടൂറിസ്റ്റ് മേഖലയാണ് വാഗമണ്‍. തീക്കോയി- വാഗമണ്‍ റോഡ് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപക്ഷത്തും പ്രതിപക്ഷത്തും അല്ലാത്ത അവസ്ഥയിലായിരുന്നു. ഈ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ എന്തു വികസനമാണ് പി സി ജോര്‍ജ് നടപ്പാക്കിയത്. കൂടാതെ കഴിഞ്ഞ കുറേ നാളുകളായി ഒരു പൊതുപ്രവര്‍ത്തകന്റെയോ ജനപ്രതിനിധിയുടെയോ നാവില്‍ നിന്നുണ്ടാവേണ്ട പ്രസ്താവനകളോ പ്രതികരണങ്ങളോ അല്ല ജോര്‍ജില്‍നിന്ന് പുറത്തുവരുന്നത്.
സാഹോദര്യത്തോടെ കഴിയുന്ന ജനവിഭാഗങ്ങളെ പരസ്പരം സംശയാലുക്കളും ശത്രുക്കളും ആക്കി തമ്മിലടിപ്പിക്കുന്ന രീതിയിലാണ് ഓരോ പ്രസ്താവനയും. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് വോട്ടുചോദിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പി സി ജോര്‍ജ് കണ്ടെത്തിയ ചെപ്പടി വിദ്യയാണ് ജിഹാദി പ്രയോഗവും തീവ്രവാദവുമൊക്കെ എന്ന് പ്രബുദ്ധരായ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു.
ജാതിയും മതവും നോക്കിയല്ല മണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളിതുവരെ വോട്ടുചെയ്തിട്ടുള്ളത്. നാടിന്റെ നന്‍മയും വികസനവും ലക്ഷ്യം വച്ച് മണ്ഡലത്തിന് അനുയോജ്യരായവരെ ജനങ്ങള്‍ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പില്‍ ജനവിധി എതിരാവുമെന്ന തിരിച്ചറിവാണ് ജോര്‍ജിനെ വ്യത്യസ്ത വേഷം കെട്ടാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ നിമിഷവും ജോര്‍ജിന്റെ വികൃതമുഖം വെളിപ്പെടുകയാണ്. ഈ പൊറാട്ടുനാടകങ്ങള്‍ ഇനി വിലപ്പോവില്ലെന്നും ജോര്‍ജിന്റെ ധ്രുവീകരണ അജണ്ട മണ്ഡലത്തില്‍ നടപ്പാവില്ലെന്നും നവാസ് മുന്നറിയിപ്പ് നല്‍കി.